2010 ഡിസംബർ 28, ചൊവ്വാഴ്ച

അഭിനവ ദ്രൌപദീയം




ദ്രൌപദി വീണ്ടും ഏകയായി…
കല്യാണസൌഗന്ധികം പറിക്കാന്‍ പോയ
ഭീമസേനന്‍ ഇതുവരെ എത്തിയില്ല.
ഗ്വാണ്ടാനാമോയിലെ തടവറകളില്‍
ഭീകരവാദിയായി മുദ്രകുത്തി
ഭീമസേനനകപ്പെട്ടത് ഇനിയും
ദ്രൌപദി അറിഞ്ഞില്ല.

ഗാണ്ഡീവധാരിയായ അര്‍ജുനന്റെ
ബാണങ്ങളിനിയും പുറത്തെടുത്തില്ല.
ഉന്നം തെറ്റാത്ത ഓര്‍മകളുടെ അറകളില്‍
വിജയന് വീണ്ടും ലക്‌ഷ്യം പിഴക്കുന്നു.
വിറയ്ക്കുന്ന കൈകളില്‍നിന്ന്
ആയുധം വീണതോര്ത്ത്
നരന്‍ വീണ്ടും നടുങ്ങുന്നു…
ദ്രൌപദി കാതോര്‍ത്തിരുന്നു
നകുല സഹദേവന്‍മാര്‍
സയാമീസ് ഇരട്ടകളായിരുന്നുവെന്നു
ഇപ്പോഴാണ് പാഞ്ചാലി അറിയുന്നത്.
ഇറാഖിലേക്ക് തേര് തെളിക്കണമെന്ന
ദുര്യോധനന്റെ കല്പനകള്‍ക്ക് കാതോര്‍ത്ത
അവരുടെ പതിതാവസ്ഥ അപ്പോഴാണ്‌
പാണ്ഡവപത്നി തിരിച്ചറിഞ്ഞത്…

കഷ്ടം! ഈയവസ്ഥയിലും
തന്നെ കൈവിടുന്ന കൃഷ്ണനെയോര്ത്ത്
നടുങ്ങിയതും കൃഷ്ണ തന്നെയായിരുന്നു.
യുദ്ധഭൂമിയിലെ ദുരന്തസാക്ഷികളുടെ
വിലാപം സഹിക്കവയാതെ വേടന്റെ
മുനകൂര്‍ത്ത അന്പുകള്‍ക്കായി കാത്തിരിക്കുന്ന
കണ്ണനെ അവള്ക്കറിയില്ലായിരുന്നു .

എങ്കിലും അവളൊന്നറിയുന്നു,
തന്നെ വെച്ച് ചൂതാടുന്ന
യുധിഷ്ടിരന്റെ നിസ്സഹായത;
അതോ കാപട്യമോ ?
മാനഭംഗപ്പെടുത്തുന്ന ദുശ്ശാസനന്റെ
കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍
ധര്മപുത്രര്‍ക്ക് ആവുന്നില്ല…

എങ്കിലും വരുമെന്നോര്‍ത്ത
വായുപുത്രനിനിയും വന്നില്ല…
വരില്ലെന്ന് ദ്രൌപദിക്കറിയില്ലായിരുന്നു…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ